2012 ഏപ്രിൽ 27, വെള്ളിയാഴ്‌ച

മൊഴികളില്‍ സംഗീതമായി






അമ്പതുകളില്‍ തമിഴ്,ഹിന്ദി ഗാനസ്വാധീനത്തില്‍ നിന്നു സ്വതന്ത്ര്യം പ്രാപിച്ച മലയാള സിനിമാഗാനശാഖ 60കളില്‍ അതിന്റെ സുവര്‍ണകാലം പിന്നിട്ടു.എഴുപതുകളുടെ അവസാനത്തില്‍ മലയാളാ കച്ചവട സിനിമ ഒരു നവ ഭാവുകത്വം പ്രാപിക്കാന്‍ തുടങ്ങി.നായക-ജീവിതസങ്കല്‍പങ്ങളില്‍ മാറ്റം വന്നു തുടങ്ങി.സ്വാഭാവികമായും അത്തരം സിനിമകളിലെ ഗാനങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായി.പശ്ചാത്തലസംഗീതം.സംഗീതോപകരണങ്ങളുടെ ഉപ്യോഗരീതി,ഗായികാഗായകന്മാരുടെ തെരഞ്ഞേടുപ്പ് എന്നിവ മാറ്റങ്ങള്‍ക്ക് വിധേയമായി.എഴുപതുകളുടെ അവസാനത്തില്‍ ആരംഭിച്ച ഈ പുതുകാലം എണ്‍പതുകളില്‍ പുഷ്കലമായി.
പുതിയ കുറെ സംഗീതസംവിധായകര്‍,ഗായകര്‍,ഗാനരചയിതാക്കള്‍ എന്നിവര്‍ രംഗപ്രവേശം ചെയ്തു.ഈ പുതു വസന്തത്തിന്റെ പതാകാവാഹകര്‍ ശ്യാം, എം.ജി.രാധാകൃഷ്ണന്‍,ജോണ്‍സണ്‍,രവീന്ദ്രന്‍ എന്നിവരായിരുന്നു. മലയാള സിനിമാഗാനത്തില്‍ അവര്‍ ഒരു പുത്തന്‍ സുഗന്ധം പകര്‍ന്നു പ്രവേശിച്ചു.ഇവര്‍ക്കൊപ്പം കെ.ജെ.ജോയ്,ജെറി അമല്‍ ദേവ്,കണ്ണൂര്‍ രാജന്‍,വിദ്യാധരന്‍,ജയ-വിജയ,ശങ്കര്‍ ഗണേഷ് തുടങ്ങിയ ധാരാളം പുതിയ സംഗീത സംവിധായകര്‍ തങ്ങളുടെ ശൈലികളുമായി കടന്നു വന്നു.തമിഴിലെ പ്രതിഭകളായിരുന്ന കെ.വി.മഹാദേവന്‍,ഇളയരാജ എന്നിവരും പുതുഗാനങ്ങള്‍ സൃഷ്ടിച്ചു. എണ്‍പതുകളുടെ മധ്യത്തോടെ ഔസേപ്പച്ചന്‍,മോഹന്‍ സിത്താര ,രഘുകുമാര്‍,രവി ബോംബേ,രഘുനാഥ് സേത് തുടങ്ങിയവരും . പഴയ കാലത്തിന്റെ പ്രതിനിധികളായിരുന്ന ദേവരാജന്‍ മാസ്റ്റര്‍,രാഘവന്‍ മാസ്റ്റര്‍,സലില്‍ ചൗധരി,ദക്ഷിണാമൂര്‍ത്തി,എം.കെ അര്‍ജുനന്‍,എ.ടി.ഉമ്മര്‍ എന്നിവരും ഈ കാലഘട്ടത്തിനു തങ്ങളുടെ സംഭാവനകള്‍ നല്‍കി. അവര്‍ തങ്ങളുടെ തനതു ശൈലിയില്‍ നിന്ന് അധികമൊന്നും വ്യതിചലിക്കാതെ `പുത്തന്‍'പാട്ടുകള്‍ സൃഷ്ടിച്ഛു. ഇക്കൂട്ടത്തില്‍ പുതിയ ശൈലിയുമായി വന്ന് മനം കവര്‍ന്ന പഴയ തലമുറയിലെ എം.ബി.ശ്രീനിവാസന്‍ ശ്രദ്ധേയനായി.
  കുറെ പുതിയ ഗാനരചയിതാക്കളും ഇതോടൊപ്പം രംഗപ്രവേശം ചെയ്തു.അവരില്‍ പ്രധാനികള്‍ ബിച്ചു തിരുമല,പൂവച്ചല്‍ ഖാദര്‍ എന്നിവരായിരുന്നു .എം.ഡി.രാജേന്ദ്രന്‍,കാവാലം,മധു ആലപ്പുഴ,കെ.ജയകുമാര്‍,ആര്‍.കെ.ദാമോദരന്‍,ദേവദാസ്,ഷിബു ചക്രവര്‍ത്തി,പാപ്പനം കോട്,ചുനക്കര,കൈതപ്രം,മുല്ലനേഴി,സത്യന്‍ അന്തിക്കട്,മങ്കൊമ്പ്,എ.പി.ഗോപാലന്‍,കണിയാപുരം രാമചന്ദ്രന്‍,പി.ടി.അബ്ദുരഹ് മാന്‍ മുതലായവരും നല്ല ഗാനങ്ങള്‍ എഴുതി.പഴയ തലമുറയിലെ പി.ഭാസ്കരന്‍,ശ്രീകുമാരന്‍ തമ്പി,യൂസഫലി,ഒ.എന്‍.വി.എന്നിവരും രംഗത്തുായിരുന്നു.

യേശുദാസ് തന്നെയായിരുന്നു പുതിയ കാലത്തിലെയും ഗായകന്‍ എന്നിരുന്നാലും പുതിയ കുറച്ചു ഗായകരും തങ്ങളുടെ ശബ്ദം കേള്‍പ്പിച്ചു തുടങ്ങി.ഉണ്ണിമേനോന്‍,കൃഷ്ണചന്ദ്രന്‍,മാര്‍ക്കോസ്,വി.ടി.മുരളി,ശ്രീകാന്ത്,ലതിക,എം.ജി.ശ്രീകുമാര്‍,അരുന്ധതി,സുജാത,ചിത്ര എന്നിവര്‍ പാടിത്തുടങ്ങി.യേശുദാസിനൊപ്പം നിറഞ്ഞ് നിന്നിരുന്ന എസ്.ജാനകി,വാണി ജയറാം,ജയചന്ദ്രന്‍ തുടങ്ങിയവരും ധാരാളം പാട്ടുകള്‍ പാടി.
ഈ രണ്ടാം  വസന്തത്തിലെ ഒട്ടേറെ ഗാനങ്ങള്‍ നാം അടക്കമുള്ള പുതു തലമുറക്ക് പരിചിതമാണ്.അവ നമ്മെ നമ്മുടെ ബാല്യ,കൗമാര,യൗവനങ്ങളിലെ നൊസ്റ്റാള്‍ജിയകളിലേക്ക് പലപ്പോഴും യാത്ര നടത്തുന്ന വസന്ത ദൂതികളാണ്.ഇന്നത്തെ മധ്യവസ്കര്‍ തങ്ങളുടെ യൗവനത്തെ ഈ ഗാനങ്ങളില്‍ ദര്‍ശിക്കുന്നു,യുവാക്കളോ ബാല്യ,കൗമാരങ്ങളേയും.എങ്കിലും ഈ കാലഘട്ടത്തിലെ ഒട്ടേറെ ഗാനങ്ങള്‍ ഗാനമേളകള്‍,ചാനലുകള്‍,റിയാലിറ്റി ഷോകള്‍ എന്നിവ സ്പര്‍ശിക്കാതെയിരിക്കുന്നു.ആകാശവാണി മാത്രമാണ് അവ വല്ലപോഴും നമ്മെ കേള്‍പ്പിക്കുന്നത്.

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

കുട്ടിസിനിമകള്‍!


ജാഫര്‍.എസ്.പുല്പള്ളി 
                 ഇരുപതാം നൂറ്റാണ്ടിന്റെ കലയായ സിനിമയ്ക്ക് മറ്റേതൊരു കലാരൂപത്തെയുംകാള്‍ ഇന്ന് കുട്ടികള്‍ക്കിടയില്‍ സ്വാധീനം ഉണ്ട്.സിനിമ ഒരു കലയായി വികസിച്ചുവന്ന ആദ്യകാലം മുതല്‍ തന്നെ കുട്ടികള്‍ മുഖ്യകഥാപാത്രം ആയുള്ളതോ കുട്ടികളുടെ ലോകം ആവിഷ്കരിക്കുന്നതോ ആയ ഒട്ടേറെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്.ഇവയില്‍ പല ചിത്രങ്ങളും കുട്ടിയെ ഒരു വ്യക്തി എന്ന നിലയില്‍ കാണുന്നതോ അവരുടെ പ്രശ്‌നങ്ങളെ ശരിയായി ചര്‍ച്ച ചെയ്യുന്നതോ ആയിരുന്നില്ല.നമ്മുടെ കുട്ടികള്‍ ഇന്ന് ഇത്തരം ചിത്രങ്ങളാണ് കുട്ടികളുടേത് എന്ന പേരില്‍ കാണുന്നതും ആസ്വദിക്കുന്നതും.ഹോളിവുഡ്ഡ് പടച്ചു വിടുന്ന ഹാരിപോട്ടര്‍,സൂപ്പര്‍മാന്‍ മാത്യകയിലുള്ള ആത്മാവില്ലാത്ത സിനിമകള്‍ കുട്ടികളില്‍ അക്രമവാസന,സാമൂഹ്യബോധമില്ലായ്മ ,അരാജകസ്വഭാവം എന്നിവ നിറയ്ക്കുന്നു.എന്നാല്‍ ഇത്തരത്തിലല്ലാതെ കുറെ സിനിമകള്‍ ഉണ്ട്. കുട്ടികള്‍ പ്രധാനകഥാപാത്രങ്ങള്‍ ആയതായാലും അല്ലെങ്കിലും ഈ സിനിമകള്‍ അവര്‍ക്ക് വെറും വിനോദം മാത്രമല്ല നല്‍കുന്നത്,പകരം നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ശരിയായ ധാരണകള്‍ രൂപപ്പെടുത്താനും വ്യക്തികളെന്ന നിലയില്‍ സമൂഹത്തിനു കൂടുതല്‍ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഇത്തരം ചില സിനിമകളെ ഇന്ന് പരിചയപ്പെടാം.

                                                           ദ കിഡ് (1921)

ചാര്‍ളി ചാപ്ലിന്‍ എന്നും കുട്ടികള്‍ക്ക് പ്രിയങ്കരന്‍ ആണല്ലോ? അദ്ദേഹത്തിന്റെ ആദ്യ മുഴുനീള കഥാചിത്രം ആണ് 'ദ കിഡ്'.ഈ നിശ്ശബ്ദ സിനിമ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആബാലവ്യദ്ധം ആകര്‍ഷിച്ച ഒന്നാണ് .ഇന്നും ഈ സിനിമ കുട്ടികളെ ആകര്‍ഷിക്കുന്നു.അവിവാഹിതയായ ഒരു അമ്മ തന്റെ കുഞ്ഞിനെ ദാരിദ്യം മൂലം ഉപേക്ഷിക്കുന്നു.തെരുവില്‍ വളരുന്ന അവനെ ചാര്‍ളി ചാപ്ലിന്‍ അവതരിപ്പിക്കുന്ന തെണ്ടി-ഇത് അദ്ദേഹത്തിന്റെ സ്ഥിരം കഥാപാത്രമായി മാറി- കാണുകയും ആദ്യം ഇഷ്ടമില്ലാതെയാണെങ്കിലും സംരക്ഷിക്കുകയും ചെയ്യുന്നു.അവന് 'ജോണ്‍' എന്നു പേര് നല്‍കുന്നു.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങുന്നു.അവര്‍ ഒരു പുതിയ തൊഴില്‍ കണ്ടെത്തുന്നു: കുട്ടി ജനല്‍ ചില്ലുകള്‍ തകര്‍ക്കും,ചാപ്ലിന്‍ അവ നന്നാക്കിക്കൊടുത്ത് പണം സമ്പാദിക്കും.രസകരമായ രംഗങ്ങള്‍ ഇണക്കിച്ചേര്‍ത്താണ് ചാപ്ലിന്‍ സിനിമ പറഞ്ഞു പോകുന്നത്.സര്‍ക്കാര്‍ അധിക്യതര്‍ കുട്ടി തെണ്ടിയുടെ മകനല്ല എന്ന് മനസ്സിലാക്കുന്നതോടെ കഥയില്‍ ദു:ഖകരമായ വഴിത്തിരിവുണ്ടാകുന്നു.അവര്‍ കുട്ടിയെ വളര്‍ത്തച്ഛനില്‍ നിന്ന് വേര്‍പെടുത്തി ഒരു അനാഥാലയത്തില്‍ ഏല്പ്പിക്കാന്‍ ശ്രമിക്കുന്നെങ്കിലും അവര്‍ അവിടെനിന്നും രക്ഷപ്പെടുന്നു.അവര്‍ ഒളിച്ചു താമസിക്കുന്നയിടത്ത് നിന്നും കുട്ടിയെ പോലീസുകാര്‍, അപ്പോഴേക്കും പ്രശസ്തയായ ഓപ്പറ ഗായിക ആയിക്കഴിഞ്ഞിരുന്ന അവന്റെ മാതാവിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു.ഒടുവില്‍ തെണ്ടി ജോണിനെ അവന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടുന്ന രംഗം വികാരപൂര്‍ണമാണ്.സ്‌നേഹം എന്നത് ഒരിക്കലും രക്തബന്ധത്തില്‍ മാത്രം അധിഷ്ഠിതം അല്ല എന്നും ജീവിതത്തിലെ വിഷമതകള്‍ സമാനരെ സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കും എന്നും 'ദ കിഡ്' നമ്മെ പഠിപ്പിക്കുന്നു.സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകാന്‍ അമ്മയെ പ്രേരിപ്പിക്കുന്ന ദാരിദ്ര്യവും സിനിമയില്‍ പ്രധാനഘടകമാണ്.സിനിമ ആ പട്ടിണിക്കാലത്തിന്റെ നേര്‍കാഴ്ചയും ആകുന്നു.തന്റെ ഏഴാം വയസ്സില്‍ അമ്മയില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് ഒരനാഥാലായത്തില്‍ ചേര്‍ക്കപ്പെടുന്ന ചാപ്ലിന്റെ ജീവിതവുമായി ഈ സിനിമ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.


                                                      ദ റെഡ് ബലൂണ്‍ (1956)

ആല്‍ബര്‍ട്ട് ലാമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ഷോര്‍ട്ട് ഫിലിം ആണ് 'റെഡ് ബലൂണ്‍'.ഒരു ഫാന്റസിയുടെ ഘടനയാണ് സംവിധായകന്‍ 34 മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള, ഒട്ടേറേ ബഹുമതികള്‍ കരസ്ഥമാക്കിയ ഈ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.ഹ്യദയാലു അല്ലാത്ത തന്റെ അമ്മൂമ്മയാല്‍ വളര്‍ത്തപ്പെടുന്ന പാസ്കല്‍ എന്ന കുട്ടിക്കു ഒരു നാള്‍ സ്കൂളിലേക്കുള്ള യാത്രാമധ്യേ ഒരു വലിയ ചുവന്ന ബലൂണ്‍ കിട്ടുന്നു.അത് അവനെ എവിടെപ്പോയാലും പിന്തുടരുന്നു.വീട്ടിലും സ്കൂളിലും തെരുവിലും എല്ലാം.അത് അവന്റെ സുഹ്യത്താകുന്നു.ഒടുവില്‍ ഒരു നാള്‍ ആ ബലൂണ്‍ ഒരു തെമ്മാടിക്കൂട്ടത്താല്‍ പൊട്ടിക്കപ്പെടുന്നു.തന്റെ ബലൂണിന്റെ അവശിഷ്ടം നോക്കി കുട്ടി ദീനമായി കരയവെ പാരീസ് നഗരത്തിലെ എല്ലാ ബലൂണുകളും സ്വതത്ന്രമായി അവന്റെ അരികിലേക്ക് പറന്നുവരുന്നു.ഒടുവില്‍ നാം കാണുന്നത് ആ വലിയ ബലൂണ്‍കൂട്ടത്തില്‍ തൂങ്ങി കുട്ടി ഉയരത്തിലേക്ക് പറന്നു പോകുന്ന ഭ്രമാത്മകദ്യശ്യമാണ്.സിനിമയുടെ ഒടുവില്‍ പറയും പോലെ ബലൂണുകളും കുട്ടികളും എന്നും ചങ്ങാതിമാരായിരിക്കുന്ന ഒരു മാന്ത്രികലോകത്തിലേക്ക്.

                                                  ദ ബൈസിക്കിള്‍ തീവ്‌സ്(1948)

വിറ്റോറിയ ഡിസീക്ക 1948 ല്‍ സംവിധാനം ചെയ്ത 'ബൈസിക്കിള്‍ തീവ്‌സ്' ലോകസിനിമയില്‍ വലിയ സ്വാധീനം സ്യഷ്ടിച്ച ഒരു പ്രസ്ഥാനത്തിന്റെ ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു.'നിയോ റിയലിസം' എന്ന ഈ ചലച്ചിത്രരീതി രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ പെട്ടുഴലുന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ ആണ് തുടങ്ങിയത്.ചലച്ചിത്രനിര്‍മ്മാണത്തിനാവശ്യമായ പണമടക്കം ഒന്നും ഉണ്ടായിരുന്നില്ല അവിടെ.ചലച്ചിത്രകാരന്മാര്‍ ഇതിനെ മറികടക്കാന്‍ ലളിതവും പുത്തനും ആയ ആഖ്യാനരീതികള്‍ ആവിഷ്കരിച്ചു.നിരൂപകരുടെയും , സംവിധായകരുടെയും വളരെയധികം പ്രശംസ നേടി ഈ സിനിമ. 1952? സൈറ്റ് & സൗണ്ട്‌സ് മാസിക ചലച്ചിത്ര നി?മ്മാതാക്കളുടെയും,നിരൂപകരുടെയും ഇടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ എക്കാലത്തെയും മികച്ച ചിത്രമായി 'ദ ബൈസിക്കിള്‍ തീവ്‌സ്' തിരഞ്ഞെടുക്കപ്പെട്ടു.

കളവു പോയ തന്റെ സൈക്കിളിനു വേണ്ടി റോമിന്റെ തെരുവുകളില്‍ അലയുന്ന ആന്റോണിയോ റിച്ചി എന്ന പാവം മനുഷ്യന്റെ കഥയാണ് ഈ സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധശേഷമുള്ള ദാരിദ്യം നടമാടുന്ന ഇറ്റലി.തൊഴില്‍ രഹിതനായ അയാള്‍ക്ക് സ്വന്തം സൈക്കിള്‍ ഉള്ളതു കൊണ്ട് മാത്രം ഒരു ജോലി ലഭിക്കുന്നു.എന്നാല്‍ ആ സൈക്കിള്‍ ആരോ മോഷ്ടിക്കുന്നു.അയാളും മകന്‍ ബ്രൂണോയും ആ സൈക്കിളിനായി നഗരം മുഴുവന്‍ തിരഞ്ഞു നടക്കുന്നു.അവര്‍ക്ക് അത് കണ്ടെത്താനാകുന്നില്ല.ദാരിദ്യത്തിന്റെ ഭീഷണമുഖം കണ്ടുകൊണ്ട് നടക്കുന്ന ആ മനുഷ്യന്റെയും കുട്ടിയുടെയും ചിത്രം കാണിയുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത രൂപകമാണ്.ഒരു ദുര്‍ബലനിമിഷത്തില്‍ ദാരിദ്യം ആന്റോണിയോയെക്കൊണ്ട് മറ്റൊരാളുടെ സൈക്കിള്‍ മോഷ്ടിക്കാനുള്ള പ്രേരണ നല്‍കുന്നു.നിര്‍ഭാഗ്യവശാല്‍ അയാള്‍ കയ്യോടെ പിടികൂടപ്പെടുന്നു,തന്റെ മകന്റെ മുന്‍പില്‍ വെച്ചു തന്നെ ശാരീരികമായും മാനസികമായും അപമാനിക്കപ്പെടുകയും ചെയ്യുന്നു.മനസ്സലിഞ്ഞ സൈക്കിള്‍ ഉടമ തനിക്ക് പരാതിയില്ല എന്ന് പറയുന്നതോടെ ആന്റോണിയോ സ്വതന്ത്രനാക്കപ്പെടുന്നു.നിസ്വനും പരാജിതനുമായ തന്റെ അച്ഛന്റെ കയ്യും പിടിച്ച് നടന്നകലുന്ന കുട്ടിയുടെ ചിത്രം അത്യന്തം ഹ്യദയത്തെ സ്പര്‍ശിക്കുന്നതാണ്.അതു തന്നെയാണ് മറ്റേതൊരു മഹത്തായ കലാസ്യഷ്ടിയേയും പോലെ 'സൈക്കിള്‍ മോഷ്ടാക്കളും' പ്രേക്ഷകനു നല്‍കുന്ന അനുഭവവും.

                                               ചില്‍ഡ്രന്‍ ഓഫ് ഹെവന്‍(1997)

സമകാലിക ലോകസിനിമയില്‍ കുട്ടികള്‍ പ്രധാനകഥാപാത്രങ്ങള്‍ ആയ സിനിമകള്‍ കൂടുതലും ഇറങ്ങുന്നത് ഇറാനിയന്‍ സിനിമകളിലാകാന്‍ കാരണം ആ രാജ്യത്തെ കടുത്ത സെന്‍സര്‍ഷിപ്പ് ആണെന്ന് കരുതപ്പെടുന്നു.ഇറാനിയന്‍ സിനിമയെ ഇങ്ങു കേരളത്തിലെ വരെ കുട്ടികള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത് മജീദ് മജീദി സംവിധാനം ചെയ്ത ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കണ്ടതു മുതല്‍ തന്നെയാണ്.സിനിമയുടെ ഇതിവ്യത്തം ഒരു സഹോദരനേയും സഹോദരിയേയും അവര്‍ക്ക് രണ്ടുപേര്‍ക്കും കൂടിയുള്ള ഒരു ജോഡി ഷൂസിനേയും പറ്റിയാണ്. സഹോദരിയുടെ ഷൂസ് സഹോദരനായ അലിയുടെ കയ്യില്‍ നഷ്ടപ്പെടുന്നിടത്ത് സിനിമ ആരംഭിക്കുന്നു. വീട്ടില്‍ നിന്നുള്ള ശിക്ഷ പേടിച്ച് കുട്ടികള്‍ സംഗതി രഹസ്യമാക്കി വെക്കുന്നു.ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂള്‍ എന്നതിനാല്‍ അവര്‍ ഒരു ജോഡി ഷൂസ് മാത്രം ഉപയോഗിച്ച് ഇരുവര്‍ക്കും സ്കൂളില്‍ പോകാം എന്ന് തീരുമാനിക്കുന്നു.ഒരു ദിവസം സ്കൂളില്‍ നടത്താന്‍ പോകുന്ന ദീര്‍ഘദൂര ഓട്ടമത്സരത്തെക്കുറിച്ച് അലി അറിയുന്നു.മൂന്നാം സമ്മാനമായി ഒരു ജോഡി ഷൂസ് ലഭിക്കുന്ന ആ മത്സരത്തില്‍ പങ്കെടുക്കാന്‍ അവന്‍ തീരുമാനിക്കുന്നു. മത്സരത്തില്‍ അവന് ഒന്നാം സമ്മാനമാണ് ലഭിക്കുന്നത്.അതിനുള്ള സമ്മാനം ഷൂസ് അല്ല. തിരികെ വീട്ടിലെത്തുന്ന അലി മനസ്സിലാക്കുന്നു ആകെയുള്ള ഒരു ജോഡി ഷൂസും നാശമായിരിക്കുന്നു എന്ന്.ഇതിനിടയ്ക്ക് കാണിക്കുന്ന ഒരു രംഗത്തില്‍ അവരുടെ പിതാവ് കുട്ടികള്‍ക്ക് രണ്ടിനും പുതിയ ജോഡി ഷൂസ് വാങ്ങിവരുന്ന രംഗം കാണിക്കുന്നുണ്ട്.
ഓടിയതു മൂലം പരിക്കു പറ്റിയ കാല്‍ വീടിനു മുന്‍പിലെ കുളത്തില്‍ ഇട്ട് ഇരിക്കുന്ന അലിയുടെ കാലുകള്‍ക്കു ചുറ്റും സ്വര്‍ണമീനുകള്‍ നീന്തുന്ന ദ്യശ്യത്തോടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ 'അവസാനിക്കുന്നു.മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ അടക്കം
ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ സിനിമ.ഇത്ര നിഷ്കളങ്കമായി ആവിഷ്കരിച്ചിട്ടുള്ള കുട്ടികളുടെ സിനിമ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് അതിന്റെ ജനപ്രീതി കാണിക്കുന്നു.

                                                     സലാം ബോംബേ (1988)


മീരാനായര്‍ സംവിധാനം ചെയ്ത പ്രശസ്ത ഇന്ത്യന്‍ സിനിമ ആയ 'സലാം ബോംബേ' ബോംബേ നഗരത്തിലെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികളുടെ കഥ പറയുന്നു.കാന്‍ ഫിലിം ഫെസ്റ്റിവലിലെ 'ഗോള്‍ഡന്‍ ക്യാമറ' അവാര്‍ഡ് അടക്കം ഒട്ടേറെ ബഹുമതികള്‍ ഈ സിനിമയെ തേടിയെത്തിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് തെരുവിലെ കുട്ടികള്‍ തന്നെയാണ്.ദാരിദ്യം തന്നെയാണ് കുറ്റക്യത്യങ്ങളുടെ മാതാവ് എന്ന ആശയം ഒന്നു കൂടി ഉറപ്പിക്കുന്നു,ഈ ചിത്രം.ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ നേര്‍ചിത്രം എന്ന് പ്രകീര്‍ത്തിക്കപ്പെട്ട 'സലാം ബോംബേ',ക്യഷ്ണ എന്ന പതിനൊന്നു വയസ്സുകാരന്റെ കഥയാണ്.തന്റെ ജ്യേഷ്ഠനുമായി വഴക്കിടുന്ന ക്യഷ്ണ ജ്യേഷ്ഠന്റെ ബൈക്ക് കത്തിച്ചുകളയുന്നു.കോപിഷ്ഠയായ അമ്മ അവനെ അടുത്തുള്ള അപ്പോളോ സര്‍ക്കസില്‍ ജോലിക്കായി വിടുന്നു,കത്തിപ്പോയ ബൈക്കിന്റെ വിലയായി അഞ്ഞൂറ് രൂപയും കൊണ്ടേ തിരികെ വരാവൂ എന്ന വ്യവസ്ഥയില്‍. അവന്‍ സര്‍ക്കസില്‍ കുറച്ചുകാലം പണിയെടുത്തെങ്കിലും അത് നഷ്ടപ്പെടുന്നു.തുടര്‍ന്ന് അമ്മയോട് ചെയ്ത വാഗ്ദാനം പാലിക്കാനായി അവന്‍ ബോംബേ എന്ന വന്‍നഗരത്തിലേക്ക് ചേക്കേറുകയാണ്.ബോംബേ നഗരത്തിലെ എല്ലാ ഇരുണ്ട പാതകളിലൂടെയും സഞ്ചരിക്കുന്ന ക്യഷ്ണ പലരെയും പരിചയപ്പെടുന്നു,ദാരിദ്യം മൂലം കുറ്റവാളികളാക്കപ്പെട്ട മനുഷ്യരെ.സോലാ സാല്‍ എന്ന ബാലലൈംഗികത്തൊഴിലാളിയെ കണ്ടുമുട്ടുന്ന ക്യഷ്ണ അവളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പിടികൂടപ്പെടുകയും മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്യുന്നു.ഒടുവില്‍ ബോംബേ പോലൊരു നഗത്തില്‍ അഞ്ഞൂറ് രൂപ സമ്പാദിക്കുക എന്നത് തന്നെപ്പോലൊരു കുട്ടിയ്ക്ക് അസാദ്ധ്യമെന്ന് തിരിച്ചറിയുന്ന ക്യഷ്ണ അതിനായി തന്റെ സുഹ്യത്തുക്കളുടെ സഹായത്തോടെ ഒരു പാര്‍സിയുടെ വീട് പട്ടാപ്പകല്‍ കൊള്ളയടിക്കുകയും വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ പോലീസിന്റെ കയ്യിലകപ്പെടുകയും ചെയ്യുന്നു.അവന്‍ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കപ്പെടുന്നു.അവിടെ നിന്നും രക്ഷപ്പെടുന്ന ക്യഷ്ണ വീണ്ടും മഹാനഗരത്തിലെ മയക്കുമരുന്നു വില്പ്പനക്കാരുടെയും പിമ്പുകളുടെയും ലൈംഗികത്തൊഴിലാളികളുടെയും ഇടയിലേക്ക് എത്തുകയാണ്,തന്റെ അമ്മയുടെ അരികിലേക്ക് എന്നെങ്കിലും തിരികെയെത്താം എന്നാല്‍ സ്വപ്നവും താലോലിച്ചു കൊണ്ട്.


                                                  ദ റെയില്‍വേ ചില്‍ഡ്രന്‍(1970)

ഏറ്റവും മികച്ച കുട്ടികളുടെ ചലച്ചിത്രങ്ങളിലൊന്നായി പലപ്പോഴും വിലയിരുത്തപ്പെടാറുള്ള ബ്രിട്ടീഷ് സിനിമ ആയ 'ദ റെയില്‍വേ ചില്‍ഡ്രന്‍' തങ്ങള്‍ക്കജ്ഞാതമായ കാരണങ്ങളാല്‍ സമ്പന്നമായ തങ്ങളുടെ വീട് വിട്ട് അമ്മയോടൊപ്പം ഒരു കുഗ്രാമത്തില്‍ താമസത്തിനെത്തുന്ന മൂന്ന് കുട്ടികളുടെ നന്മയുടെ കഥ പറയുന്നു.തങ്ങളുടെ അച്ഛനെവിടെ എന്ന ചോദ്യത്തിനു അമ്മ പറയുന്ന മറുപടികള്‍ ആദ്യമെല്ലാം വിശ്വസിച്ചെങ്കിലും വിദേശകാര്യ ഓഫീസിലെ ജോലിക്കാരനായ അച്ഛനെ റഷ്യക്കാര്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന ചെയ്യാത്ത കുറ്റത്തിനു ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സത്യം അവര്‍ മനസ്സിലാക്കുന്നു.അതിനിടെ അവര്‍ തങ്ങളുടെ വീടിനടുത്തു കൂടി പോകുന്ന തീവണ്ടിപ്പാതയിലൂടെ കടന്നുപോകുന്ന തീവണ്ടികളില്‍ ആക്യഷ്ടരായി മാറുകയാണ്.തീവണ്ടികളിലെ യാത്രക്കാരുമായി പരിചിതരാകുന്നു അവര്‍; പ്രത്യേകിച്ച് ഒരു വ്യദ്ധനായ മനുഷ്യനുമായി.ഒരു തീവണ്ടി മണ്ണൊലിപ്പില്‍ പെട്ട് വലിയ അപകടത്തില്‍ പെടുന്നത് കണ്ട് കുട്ടികള്‍ യഥാസമയം അറിയിപ്പ് നല്‍കി ഒട്ടേറെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നു.അവരുടെ അച്ഛന്റെ കഥ അറിയുന്ന തീവണ്ടി യാത്രക്കാരനായ വ്യദ്ധസുഹ്യത്ത് അദ്ദേഹത്തെ ജയിലില്‍ നിന്ന് രക്ഷിക്കുന്നു.ഒടുക്കം കുടുംബം ഒന്നിക്കുന്നതോടെ 'ദ റെയില്‍വേ ചില്‍ഡ്രന്‍'അവസാനിക്കുന്നു.വളരെ ലളിതവും നിര്‍മ്മലവുമായ ആഖ്യാനം ആണ് ഇതേ പേരിലുള്ള ഇ.നെസ്ബിറ്റിന്റെ ചെറുനോവലിനെ സിനിമാ രൂപത്തിനു സംവിധായകന്‍ ലയണല്‍ ജെഫ്രിസ് നല്‍കിയിരിക്കുന്നത്.'റെയില്‍വേ കുട്ടികളുടെ' അഭിനയം സിനിമ കാണുന്ന പ്രേക്ഷകന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത വിധം മനോഹരവുമാണ്.ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റൂട്ട് ഏറ്റവും മികച്ച ബ്രിട്ടീഷ് സിനിമകളിലൊന്നായി ഇതിനെ വാഴ്ത്തുന്നു.
(മാത്യഭൂമി 'വിദ്യ'യില്‍ ഏപ്രില്‍ 2012 ല്‍ പ്രസിദ്ധീകരിച്ചത് ‌)

2012 ഏപ്രിൽ 25, ബുധനാഴ്‌ച

ദ ആര്‍ട്ടിസ്റ്റ്: കലാകാരന്റെ 'നിശ്ശബ്ദ'സംഘര്‍ഷങ്ങളിലേക്ക്‌





ജാഫര്‍.എസ്.പുല്പള്ളി



2011 ലെ മികച്ച ചലച്ചിത്രം, മികച്ച സംവിധായകന്‍ എന്നിവയടക്കം പ്രധാനപ്പെട്ട അഞ്ച് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയ 'ദ ആര്‍ട്ടിസ്റ്റ് 'പ്രേക്ഷരില്‍ ചില ചിന്തകളും ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. സാധാരണ ഓസ്‌കാര്‍ അവാര്‍ഡുകളില്‍ 'മികച്ച വിദേശ സിനിമ' എന്ന വിഭാഗം മാത്രമേ സിനിമയെ ഗൗരവമായി കാണുന്ന ഒരു പ്രേക്ഷകനെ ആകര്‍ഷിക്കാറുള്ളൂ എന്ന നിലവിട്ട് ഓസ്‌കാറിലെ മികച്ച സിനിമ തന്നെ ഇവിടെ ചര്‍ച്ചാവിധേയമാകുന്നു.

മികച്ച സാങ്കേതികപിന്തുണയോടെ, ഹൈഡെഫനിഷനിലും 3 ഡിയിലും നിര്‍മ്മിക്കപ്പെട്ട മാര്‍ട്ടിന്‍ സ്‌കോര്‍സസെ എന്ന അതികായന്റെ സിനിമയായ 'ഹ്യൂഗോ' ആയിരുന്നു 'ദ ആര്‍ട്ടിസ്റ്റി'ന്റെ മുഖ്യ എതിരാളി എന്നത് ഈ സിനിമയെ ശ്രദ്ധേയമാക്കുന്ന ആദ്യഘടകം തന്നെ.'ദ ആര്‍ട്ടിസ്റ്റ്' ബ്ലാക്ക് ആന്റ് വൈറ്റില്‍, നിശ്ശബ്ദചിത്രത്തിന്റെ ഫോര്‍മാറ്റില്‍ ,പഴയ ആസ്‌പെക്ട്‌റേറ്റില്‍(4:3) നിര്‍മ്മിച്ച ചിത്രമാണ്.'ഹ്യൂഗോ'യുടെ നേര്‍വിപരീതം ആണ് 'ദ ആര്‍ട്ടിസ്റ്റ്' എന്നര്‍ഥം. ഹോളിവുഡ്ഡ് എന്ന ആസുരസാങ്കേതിക സിനിമയുടെ ലോകത്ത് ഈ സിനിമ നല്‍കുന്ന ആദ്യചിന്ത തന്നെ, അതുയര്‍ത്തുന്ന ആദ്യചോദ്യം തന്നെ ഈ സാങ്കേതികത സംബന്ധമായാണ്.

ചലച്ചിത്രം എന്ന മാധ്യമത്തിനു അമിത സാങ്കേതികതയുടെ ഏച്ചുകെട്ടില്ലാതെ തന്നെ അതിജീവിക്കാനുള്ള കഴിവില്ലേ? സത്യത്തില്‍ തന്റെ പ്രതിഭയെക്കുറിച്ച് സംശയം ഉള്ള കലാകാരന്മാരല്ലേ അത്തരക്കാര്‍ നമ്മുടെ നാട്ടിലും ധാരാളമുണ്ട് സങ്കേതികവിദ്യാ ട്രിക്കുകള്‍ കാട്ടി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കൂ? സാങ്കേതികത എന്നത് സിനിമയുടെ പൂര്‍ണതയ്ക്ക് ,അതിന്റെ സംവേദനത്വത്തിനു എത്രത്തോളം അനിവാര്യമാണ്? 'ദ ആര്‍ട്ടിസ്റ്റ്' ശബ്ദമില്ലാതെ, നിറമില്ലാതെ കാണികളുമായി എത്ര മനോഹരമായി സംവദിക്കുന്നു എന്നത് സിനിമ വെറും സാങ്കേതികത മാത്രമല്ല എന്ന നിഗമനത്തിനു അടിവരയിടുന്നു.

പുതുമയുള്ള കഥയൊന്നും പറയാന്‍ ഫ്രെഞ്ച് സം വിധായകന്‍ ആയ മൈക്കേല്‍ ഹസനവീസിയസ് ശ്രമിക്കുന്നില്ല.പകരം അദ്ദേഹത്തിന്റെ ഊന്നല്‍ നിശ്ശബ്ദസിനിമയുടെ ഘടനയില്‍ നിര്‍മ്മിക്കുന്ന ' ദ ആര്‍ട്ടിസ്റ്റിനെ' എങ്ങനെ സംവേദനക്ഷമം ആക്കാം എന്നതായിരുന്നു.താന്‍ ബഹുമാനിക്കുന്ന സിനിമാ ആചാര്യന്മാര്‍ ചെയ്ത രീതിയില്‍ ഒരു നിശ്ശബ്ദസിനിമ എന്നത് തന്റെ സ്വപ്നമായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ശബ്ദ സിനിമയുടെ കടന്നുവരവിനും നിശ്ശബ്ദസിനിമയുടെ കൊഴിഞ്ഞുപോകലിനും സാക്ഷ്യം വഹിച്ച 1927 നും 1932 നും ഇടയ്ക്കാണ് കഥ നടക്കുന്നത്.

ജോര്‍ജ്ജ് വാലന്റീന്‍ജീന്‍ ദുജാര്‍ദിന്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിശ്ശബ്ദ സിനിമയിലെ വളരെ ജനകീയനായ മുതിര്‍ന്ന ഒരു നായക താരമാണ്. കടന്നു വരാന്‍ അണിയറയില്‍ ഒരുങ്ങുന്ന 'പുത്തന്‍'ശബ്ദസിനിമയെ അയാള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. അതിന്റെ ഒരു ചെറിയ ഭാഗം കണ്ട് തലതല്ലിച്ചിരിക്കുന്ന വാലന്റീനെ സിനിമയുടെ ആദ്യഭാഗത്ത് കാണുന്നുണ്ട്.

അപ്പോള്‍ സംവിധായകന്‍ പറയുന്നു: ചിരിക്കണ്ട, ഇതാണ് ഭാവി എന്ന്. അടുത്ത ഷോട്ടുകള്‍ ഈ സിനിമയിലെ ഏറ്റവും മനോഹരവും നായകന്റെ മനോ വ്യാപാരങ്ങള്‍ മനോഹരമായി ചിത്രീകരിക്കുന്നതും ആയ ഒരു സ്വപ്ന സീക്വന്‍സ് ആണ്. വീട്ടിലെ ഡ്രസ്സിംഗ് മേശയ്ക്ക് മുന്‍പില്‍ അലസമായി കണ്ണാടിയില്‍ നോക്കി കയ്യിലുള്ള ഗ്ലാസില്‍ നിന്ന് മോന്തുന്ന വാലന്റൈന്‍. അയാള്‍ ഗ്ലാസ് മേശമേല്‍ വെക്കുന്നു, അപ്പോള്‍ കേള്‍ക്കുന്നു അതിന്റെ ശബ്ദം, സിനിമയിലെ ആ്വ്യ ശബ്ദവും അതു തന്നെ. അമ്പരന്ന അയാള്‍ വീണ്ടും ഗ്ലാസ് എടുത്ത് താഴെ വെക്കുന്നു, അപ്പോഴും ശബ്ദം.

ഡ്രസ്സിംഗ് ടേബിളിലെ മറ്റെല്ലാത്തിനും ശബ്ദം ഉണ്ട്. അയാള്‍ സ്വയം സംസാരിക്കുന്നു, എന്നാല്‍ ആ ശബ്ദം പുറത്തു വരുന്നില്ല. വീണ്ടും ഉച്ചത്തില്‍ അലറുന്നു, അതും പുറത്തു വരുന്നില്ല.അയാള്‍ മുറിക്കു പുറത്തേക്ക് ഓടുന്നു, അപ്പോള്‍ അയാളെ നോക്കി പരിഹാസത്തോടെ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് കടന്നു പോവുകയാണ് നര്‍ത്തകികളുടെ വേഷത്തില്‍ കുറച്ച് യുവതികള്‍. അയാള്‍ അമ്പരന്ന് ചുറ്റും നോക്കുന്നു. അപ്പോള്‍ കാണാം മുകളില്‍ നിന്ന് എന്തോ ഒരു കനമില്ലാത്ത കടലാസോ മറ്റോവസ്തു താഴെക്ക് ഒഴുകി വീഴുന്നത്.അതു വീഴുമ്പോഴുള്ള ഭയാനകശബ്ദം ആയാളുടെ ചെവിയില്‍ തുളച്ചുകയറവെ അയാള്‍ ചെവിപൊത്തി ഉറക്കെ കരയുന്നു, ഒച്ചയില്ലാതെ. ഈ രംഗത്തില്‍ അയാളുടെ ഭാവിയെക്കുറിച്ച്,അതിനോട് അയാള്‍ പ്രതികരിക്കുന്ന രീതിയെക്കുറിച്ച് സൂചന നല്‍കുന്നു,സംവിധായകന്‍.തനിക്കൊഴികെ ലോകത്തിനു മുഴുവന്‍ ശബ്ദം ഉണ്ട്. ശബ്ദമില്ലാത്ത താന്‍ തിരസ്‌ക്യതനാകും.

തന്റെ തൊട്ടുമുന്‍പുള്ള ഒരു സിനിമയുടെ ആദ്യ പ്രദര്‍ശന വേളയില്‍ വാലന്റൈന്‍ ഉത്സാഹം പ്രസരിപ്പിക്കുന്ന ഒരു യുവനടിയെ പരിചയപ്പെടുന്നുണ്ട്. പെപ്പി മില്ലര്‍ എന്ന അവള്‍ക്ക് ചെറിയ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു. പുതിയ സിനിമയില്‍ അവള്‍ക്ക് അവസരം നല്‍കാന്‍ സംവിധായകനോട് ശുപാര്‍ശ ചെയ്യുന്നു വാലന്റൈന്‍. അവളുടെ പ്രതിഭയില്‍ ആകര്‍ഷിതനായ വാലന്റൈന്‍ അവള്‍ക്ക് നല്‍കുന്ന ഉപദേശം 'മറ്റുള്ളവര്‍ക്കില്ലാത്ത എന്തോ ഒന്ന് നിനക്കുണ്ടായാലെ നിനക്ക് മികച്ച നടിയാകാന്‍ കഴിയൂ' എന്നാണ്.എന്നിട്ട് അയാള്‍ അവളുടെ കവിളില്‍ ഒരു കറുത്ത കുത്തും ഇടുന്നു.അത് അവള്‍ പിന്നീടൊരിക്കലും ഒഴിവാക്കുന്നില്ല എന്ന് നമുക്ക് മനസ്സിലാകുന്നു സിനിമ മുന്നോട്ട് പോകെ.അവര്‍ രണ്ടും പ്രണയത്തിലകപ്പെടുന്നു.
പ്രണയത്തിന്റെ നേര്‍ത്ത നിശ്ശബ്ദ അലകള്‍ അവരെ പൊതിയുന്നത് വളരെ മനോഹരമായും വളരെ കുറച്ച് ഷോട്ടിലും ആണ് സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

വാലന്റൈന്‍ ശബ്ദസിനിമയില്‍ അഭിനയിക്കാന്‍ കൂട്ടാക്കുന്നില്ല.'തന്നെ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് ,കേള്‍ക്കാനല്ല' എന്നാണ് അയാള്‍ പറയുന്നത്. നിശ്ശബ്ദസിനിമയിലെ ആചാര്യന്മാരായ ചാപ്ലിന്‍,ഐസന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ശബ്ദസിനിമയോട് താത്പര്യം ഉണ്ടായിരുന്നില്ല എന്നത് ഇതിനോട് ചേര്‍ത്ത് കാണാവുന്നതാണ്. അവര്‍ക്ക് സിനിമയെന്നാല്‍ ശബ്ദമില്ലാത്ത, ദ്യശ്യം മാത്രം സംവേദനത്തിന്റെ ഉപകരണം ആയ കലാരൂപം ആയിരുന്നു.നിശ്ശബ്ദസിനിമകള്‍ സൂക്ഷമായി പഠിക്കുന്ന ഒരു പ്രേക്ഷകനു കാണാന്‍ കഴിയുക രണ്ടും വ്യത്യസ്ത കലാരീതികള്‍ തന്നെയാണെന്ന്.ചാപ്ലിന്റെ ആദ്യ ശബ്ദചിത്രമായ 'ദ ഗ്രേറ്റ് ഡിക്ടേറ്ററില്‍' പോലും അദ്ദെഹം അവതരിപ്പിക്കുന്ന ബാര്‍ബര്‍ ആകെ ഒന്നോ രണ്ടോ സീനുകളില്‍ മാത്രമേ സംസാരിക്കുന്നുള്ളൂ . വാലന്റൈന്‍ സിനിമയുടെ ലോകത്തു നിന്ന് ബഹിഷ്‌ക്യതനാകുന്നു. അതേ സമയം പെപ്പി മില്ലറോ പടിപടിയായി സിനിമകളില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. അവള്‍ വളര്‍ന്നു വരികയാണ്,വാലന്റൈനോ മാഞ്ഞു പോവുകയാണ്. പക്ഷെ അയാള്‍ തന്റെ അവസാന ശ്രമം നടത്തുന്നു, സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് ഒരു നിശ്ശബ്ദചിത്രം ഇറക്കുന്നു.

ആളുകള്‍ തിരസ്‌കരിക്കുന്നു, വാലന്റൈന്റെ പഴഞ്ചന്‍ സിനിമയെ.സിനിമയുടെ അവസാന രംഗത്തില്‍ മണല്‍ കുഴിയില്‍ പെട്ട് താഴുന്ന വാലന്റൈന്‍ അവതരിപ്പിക്കുന്ന കഥാനായകന്‍ വാലന്റൈന്‍ തന്നെയാണ്. മണല്‍കുഴിയില്‍ പൂര്‍ണമായും താണു പോകുന്നു അയാള്‍, അവസാനം ഒരു കൈമാത്രം, പിന്നെ അതും പോകുന്നു. തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്ന വാലന്റൈന്‍ കാണുന്നത് പെപ്പി മില്ലര്‍ അഭിനയിച്ച പുതിയ സിനിമ കാണാന്‍ അടുത്ത തീയേറ്ററിലേക്ക് ഇടിച്ചു കയറുന്ന കാണികളെയാണ്! തന്റെ വിധി അയാള്‍ തിരിച്ചറിയുന്നു: ശബ്ദം കടന്നുവന്നു കഴിഞ്ഞു, അയാള്‍ കടന്നുപോയേ തീരൂ. സിനിമ പുതുതായി അണിഞ്ഞ ശബ്ദത്തിന്റെ ആലഭാരങ്ങളോടെ അയാളെ പുറകിലുപേക്ഷിച്ച് പോയ്ക്കഴിഞ്ഞു.

പണമെല്ലാം പരാജയപ്പെട്ട സിനിമയില്‍ മുടക്കി പാപ്പരായി മാറുന്നു വാല്‍ന്റൈന്‍. അയാളുടെ ഭാര്യ അയാളെ വിട്ടുപോകുന്നു.മദ്യത്തില്‍ അഭയം തേടുന്നു ,പഴയ ജനപ്രിയനായകന്‍.തന്റെ വസ്തുവകകളെല്ലാം അയാള്‍ ലേലത്തില്‍ വില്‍ക്കുന്നു,പെപ്പി മില്ലര്‍ അവ രഹസ്യമായി വാങ്ങുന്നു.അയാള്‍ ആകെ തകര്‍ന്നടിഞ്ഞ് തന്റെ വീട്ടിലെ തീയേറ്ററില്‍ തന്റെ തന്നെ പഴയ സിനിമ കാണുന്നു.ഏതോ വികാരവിക്ഷുബ്ധതയില്‍ അയാള്‍ ആ ഫിലിം റോളുകള്‍ക്കെല്ലാം തീകൊടുക്കുന്നു.ആളിക്കത്തുന്ന തീ ആ വീടിനെ വിഴുങ്ങാന്‍ തുടങ്ങുന്നു.സന്തതസഹചാരിയായ പട്ടി അയാളെ മരണത്തില്‍ നിന്ന് തിരികെ കൊണ്ടു വരുന്നു.മരണത്തില്‍ നിന്ന് മാത്രമല്ല വാലന്റൈന്‍ തിരികെ വന്നത് ,തന്നെ ഗ്രസിക്കാന്‍ പോകുന്ന വിസ്മ്യതിയില്‍ നിന്ന്,തന്റെ സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്നുമായിരുന്നു.അതിനു പ്രേരണയും സഹായവും നല്‍കിയതോ പെപ്പി മില്ലറും.അങ്ങനെ കലാകാരനെ കാലത്തിനു തകര്‍ക്കാന്‍ കഴിയുന്നില്ല സിനിമയ്‌ക്കൊടുവില്‍.അയാള്‍ തിരികെ വരുന്നു,തന്റെ ശവക്കുഴിയില്‍ നിന്ന്.ഏറെ മഹാന്മാരായ കലാകാരന്മാര്‍ കടന്നുപോയ വഴിയിലൂടെ തന്നെയാണ് വാലന്റൈനും പോകുന്നത്.

പ്രതിഭയുടെ,പ്രശസ്തിയുടെ ഉത്തുംഗത്തില്‍ നിന്നും പാതാളക്കുഴിയിലേക്ക് ,പിന്നെയും മേലോട്ടുള്ള കയറ്റം.എന്തെല്ലാം മാനസികസംഘര്‍ഷങ്ങള്‍ ആണ് ഈ വീഴ്ചകള്‍ കലാകാരനു നല്‍കുന്നത് എന്ന് ' ദ ആര്‍ട്ടിസ്റ്റ്' ക്യത്യമായും വെളിവാക്കി നല്‍കുന്നു.അവ അവനു നല്‍കുന്ന മുറിവുകള്‍ തന്നെയാണ് അവന്റെ ഊര്‍ജ്ജവും ആയിത്തീരുക പലപ്പോഴും. വാലന്റൈന്റെ ഡാന്‍സ് ചെയ്യാനുള്ള കഴിവിനെ ഉപയോഗിക്കാനാണ് പെപ്പി മില്ലര്‍ പ്രേരിപ്പിക്കുന്നത്.താന്‍ അതു വരെ ചെയ്യാതിരുന്ന കാര്യം വാലന്റൈന്‍ ചെയ്യുന്നു,മറ്റാരേക്കാളും മനോഹരമായി.അങ്ങനെ വാലന്റൈനും പെപ്പി മില്ലറും നായികാനായകന്മാരായി ഒരു മ്യൂസിക്കല്‍ സിനിമ തുടങ്ങുന്നു ,പഴയ അതേ കമ്പനി.താന്‍ തോറ്റിട്ടില്ല എന്ന് ലോകത്തെ അറിയിക്കുകയും മ്യതിയില്‍ നിന്ന് തന്റെ കലയുടെ ചൂട് ഒന്നു കൊണ്ട് തന്നെ തിരികെ വരികയും ചെയ്യുന്നു കലാകരന്‍.ഡാന്‍സ് രംഗത്തിനൊടുവില്‍,സിനിമയുടെ അവസാനരംഗത്തില്‍ സംവിധായകന്‍ `Cut! Perfect. Beautiful. Could you give me one more?' എന്ന് പറയുമ്പോഴാണ് ശബ്ദം സിനിമയില്‍ അതിന്റെ സാന്നിദ്ധ്യം അറിയിക്കുന്നത്.വാലന്റൈന്‍ അതിനു മറുപടി പറയുന്നതാകട്ടെ ശബ്ദം കൊണ്ടാണ്: With pleasure`.' ആര്‍ട്ടിസ്റ്റ്' കണ്ട് തീരുന്ന കാണിയും പറയുക മറ്റൊന്നാവില്ല.(19 Apr 2012  നു മാതൃഭുമി ഓണ്‍ലൈനില്‍ വന്നത്)